ഉള്ളടക്കം


രണ്ടാം കൃതി സമവാക്യങ്ങള്‍

     അളവുകള്‍ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാനാണല്ലോ ബീജഗണിത വാക്യങ്ങള്‍ ഉപയോഗിക്കുന്നത്. രണ്ട് അളവുകള്‍ തമ്മിലുള്ള ബന്ധം അറിഞ്ഞിരുന്നാല്‍ ഇത്തരം വാക്യങ്ങള്‍ നിര്‍മ്മിക്കുന്നത് എളുപ്പവുമാണ്.

എന്നാല്‍, രണ്ട് അളവുകള്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ബീജഗണിത വാക്യം തന്ന ശേഷം, ആ ബന്ധം പാലിക്കുന്ന അളവുകള്‍ ഏതെല്ലാം എന്നു ചോദിച്ചാലോ ?

വളരെ വളരെ തലമുറകള്‍ക്കു മുമ്പു തന്നെ ഇത്തരം പ്രശ്നങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നു. ഭാസ്കാരാചാര്യരുടെ ലീലാവതി പോലുള്ള കൃതികളിലും,  അദ്ദേഹത്തിനും മുമ്പു ജീവിച്ചിരുന്ന ബ്രഹ്മഗുപ്താചാര്യരുടെ കൃതികളിലുമെല്ലാം ഇത്തരം പ്രശ്നങ്ങള്‍ കാണാം.

ക്രിസ്തുവിനും 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബിലോണിയയില്‍ തയ്യാറാക്കിയ ഒരു കളിമണ്‍ രൂപമാണ് ചിത്രത്തില്‍ . ഇത്തരത്തിലുള്ള രൂപങ്ങളില്‍ രണ്ടാം കൃതിയിലുള്ള ചില സമവാക്യങ്ങളെക്കുറിച്ചും അവയുടെ പരിഹാരത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.

ക്രിസ്തുവിന് മുമ്പ് എട്ടാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ രചിക്കപ്പെട്ട ശുല്‍ബ സൂത്രം പോലുള്ള കൃതികളിലും ചില ചൈനീസ് കൃതികളിലും രണ്ടാം കൃതിയിലുള്ള സമവാക്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.

നാം പരിഗണിക്കുന്ന തരത്തിലുള്ള എല്ലാ രണ്ടാം കൃതി സമവാക്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഒരു പരിഹാര സൂത്രം നിര്‍ദ്ദേശിച്ചത് ക്രിസ്തുവിന് ശേഷം 628 ല്‍ ജീവിച്ചിരുന്ന ബ്രഹ്മഗുപ്തനാണ് എന്ന് നമുക്ക് അഭിമാനിക്കാം.
babylonia

ന്യൂട്ടന്റെ ചലന നിയമങ്ങളെ കുറിച്ച് പഠിച്ചിട്ടില്ലേ ? ഇവയില്‍ ഒന്നിന്റെ ഗണിത രൂപം രണ്ടാം കൃതിയിലുള്ള ഒരു സമവാക്യമാണ്. ഇതുപോലെ മറ്റനേകം അവസരങ്ങളിലും ഇത്തരം വാക്യങ്ങള്‍ ആവിഷ്ക്കരിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പാഠ്യവസ്തുക്കളുടെ ഒരു ഇ-ആവിഷ്ക്കാരമാണ് തുടര്‍ന്നുള്ള പേജുകളില്‍. പാഠങ്ങള്‍ വിശകലനം ചെയ്യുകയും കൂടുതല്‍ പ്രശ്നങ്ങള്‍ ചെയ്തുനോക്കുകയും ചെയ്യുമല്ലോ.

പ്രതീക്ഷയോടെ,
ഐടി@സ്കൂള്‍ പ്രൊജക്റ്റ്

Back to Index അടുത്ത പേജിലേക്ക്